Sunday, April 3, 2011

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍, ഇതാണൊ ആദ്യത്തേത് എന്ന് ചോദിച്ചാ അറിയില്ല,

അച്ഛന് ജോലി തമിഴ്നാട്ടിലായിരുന്നു , അമ്മയും പെങ്ങളും അച്ഛനൊപ്പം അവിടെയും ഞാന്‍ അമ്മയുടെ തറവാട്ടിലും, എന്റെ നിത്യത്തൊഴില്‍ എന്നത് രാവിലെ എഴുനേറ്റ് ഉമ്മറപ്പടിയില്‍ വന്നിരുന്ന് കിഴക്കോട്ടുള്ള വഴിയിലേക്ക് കണ്ണും നട്ടിരിക്കുകയെന്നതാണ്, ചിലപ്പോ പടിക്കല്‍ ചെന്നുമിരിക്കും, അതിനാല്‍ തന്നെ വഴിയില്‍കൂടി രാവിലെ ചന്തയിലേക്ക് പോകുന്നവരെല്ലാം എന്നോട് കുശലം പറഞ്ഞെ പോകൂ, ഒരു ദിവസം കണ്ടില്ലെങ്കില്‍ അവര്‍ വീട്ടില്‍ വിളിച്ച് ചോദിക്കും മോനെന്ത്യേന്ന്,
ഒരിക്കല്‍ എന്റെ കുഞ്ഞമ്മ (അമ്മയുടെ അനുജത്തി) എന്നോട് ചോദിച്ചു മോനെന്തിനാ ഇവിടെ വന്നിരിക്കുന്നത് എന്ന്, എന്റെ മറുപടി ഇതായിരുന്നു മോളെക്കാത്തിരിക്കുവാ (പെങ്ങളെ),
കാര്യം മനസ്സിലായ കുഞ്ഞമ്മ അടുത്ത ദിവസം മുതല്‍ പഠിക്കാന്‍ പോകുന്നതിനു മുന്നേ എന്നെ അടുത്ത വീട്ടിലാക്കിയിട്ട് പോകും, പിന്നെ അവിടെയായിരുന്നു എന്റെ പകലുള്ള ലോകം, അവിടെ രണ്ട് ചേച്ചിമാരും രണ്ട് ചേട്ടന്മാരുമുണ്ടായിരുന്നു, ചേട്ടന്മാര്‍ നല്ല കഥകള്‍ പറഞ്ഞ്തരും കളിപ്പാട്ടം ഉണ്ടാക്കിത്തരും അങ്ങനെയങ്ങനെ, വൈകിട്ട് കുഞ്ഞമ്മയോ മാമനൊ(അമ്മയുടെ ആങ്ങള) വരുമ്പോള്‍ ആ വീട്ടുകാര്‍ എന്നെ കുളിപ്പിച്ച് ആഹാരവും കഴിപ്പിച്ച് ഒരുക്കി നിര്‍ത്തിയിട്ടുണ്ടാകും,
പക്ഷേ രാവിലേയുള്ള എന്റെ കാതിരിപ്പിന് മുടക്കം ഒന്നുമുണ്ടായിട്ടില്ല, വഴിപോക്കരില്‍ ചിലരും ചോദിച്ച് തുടങ്ങി മോളെന്നാ വരുന്നത് എന്ന്, ഞാന്‍ അപ്പോ സങ്കടത്തോടെ ഒന്നും പറയാതിരിക്കും,
അങ്ങനെയിരിക്കുമ്പോ അവര്‍ വരും എനിക്ക് ഉടുപ്പും ചോക്കളേറ്റും എല്ലാം കൊണ്ടുവരും , പക്ഷേ എനിക്ക് മോളേക്കണ്ടാമതിയാരുന്നു, അവളുടെ കൂടെ കളിച്ചാ മതിയാരുന്ന്, ഞാന്‍ തുള്ളിച്ചാടി അവളുടെ അടുത്ത് ചെന്ന് മോളേ എന്ന് വിളിക്കുമ്പോ അവള്‍ തിരിച്ചൊരു വിളിയുണ്ട് “പോ കൊരങ്ങാ” എന്ന് , അപ്പോള്‍ ഉണ്ടാകുന്ന വിഷമം മാറ്റാന്‍(ഉറക്കെ കരയാറില്ലായിരുന്നു, ഏങ്ങലടിച്ച് വിത്തുമ്പിയിരിക്കും) മാമന്മാരും കുഞ്ഞമ്മയും ചില്ലറയല്ല പാടുപെട്ടിട്ടുള്ളത്, ചിലപ്പോ മാമന്‍ അവളെതല്ലാന്‍ ഒരുങ്ങും അപ്പോഴും ഞാന്‍ ഓടി അവളെ കെട്ടിപ്പിടിച്ച് നില്‍ക്കും, അടുത്ത തവണ വരുമ്പോഴും അവസ്ഥ പഴയത് തന്നെ , ഞാന്‍ സ്നേഹത്തോടെ അടുത്ത് ചെല്ലുമ്പോള്‍ കൊരങ്ങാന്നേ വിളിക്കൂ..


വാൽക്കഷ്ണം:
ഇപ്പോഴും അനുഭവം മറ്റൊന്നുമല്ല നമ്മള്‍ സ്നേഹത്തോടെ പെരുമാറുന്നവര്‍ തിരിച്ച് ................. , പെങ്ങളുടെ സ്ഥാനത്ത് മറ്റുപലരുമാണെന്ന വെത്യാസം മാത്രം.

8 comments:

Mohanam said...

ഓർമ്മക്കുറിപ്പ്

പഞ്ചാരകുട്ടന്‍ -malarvadiclub said...

കുറച്ചു നൊമ്പരം മനസ്സില്‍ ഒതുക്കിയുള്ള പോസ്റ്റ്‌ ആണല്ലോ

മൻസൂർ അബ്ദു ചെറുവാടി said...

നല്ല ഓര്‍മ്മകള്‍ . കുറിപ്പ് നന്നായി

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

വരുമൊരാളീ വഴിക്കെന്നു നിനച്ചു
വഴിക്കണ്ണുമായ് കാത്തിരുന്നോരാ ബാല്യം
കണ്‍ നിറച്ചെന്‍റെയിടനെഞ്ചു കൂടി പ്പിടഞ്ഞുപോയി

നാമൂസ് said...

ഞാന്‍ ഏതയാലും അങ്ങനെ വിളിക്കുന്നില്ല.
കുറച്ചെങ്കിലും ഒരു ചെറു ബാല്യം കോറിയിട്ട വരികള്‍...

Mohanam said...

ഫെനില്‍, ചെറുവാടി, സുനില്‍ ,നാമൂസ് ...നന്ദി..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഒരു പക്ഷെ സ്നേഹക്കൂടുതല്‍ കൊണ്ടുമാവാം ഇത്തരം സംബോധനകള്‍...
അതുകൊണ്ടല്ലേ ഇപ്പഴും ആ ഓര്‍മ്മകള്‍ തികട്ടിവരുന്നത്‌!

Mohanam said...

ഹ ഹ ഇസ്മായീല്‍ അതൊക്കെ കുട്ടിക്കാലത്തെ ഓരോ വിസേഷങ്ങളല്ലേ...
അതല്ലേ വാല്‍ക്കഷ്ണം ഇട്ടേക്കുന്നേ...അത് വായിച്ചില്ലേ...;-)